സാമൂഹ്യാധിഷ്ഠിത ടൂറിസത്തിന് കഠിനംകുളത്ത് പുതുചുവട്

Share

കഠിനംകുളം സാമൂഹ്യാധിഷ്ഠിത ടൂറിസം പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി എം.എൽ.എ. കുമാരി രമ്യ ഹരിദാസ് തുമ്പ ഗോൾഡൻ ബീച്ച്, സെന്റ് ആൻഡ്രൂസ് (ബ്രിഡ്ജ് ടൂറിസം), ചാന്നാങ്കര ജെട്ടി, കഠിനംകുളം എന്നിവിടങ്ങൾ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസ്, വൈസ് പ്രസിഡന്റ് ഷീന ബീഗം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കഠിനംകുളം ജോയ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ. എച്ച്. പി. ഹാരിസൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റാഫേൽ ആൽബി, ഡോറിൻ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.

തുമ്പ–സെന്റ് ആൻഡ്രൂസ്–പുത്തൻതോപ്പ് ഗോൾഡൻ ബീച്ച് സംസ്ഥാന സർക്കാരിന്റെ ഓണം ടൂറിസം വാരാഘോഷത്തിന്റെ പ്രധാന വേദിയായി തിരഞ്ഞെടുക്കപ്പെട്ടതായി എം.എൽ.എ. അറിയിച്ചു. സാമൂഹ്യാധിഷ്ഠിത ഉത്തരവാദിത്വ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി കഠിനംകുളത്തെ വികസിപ്പിക്കാനുള്ള മികച്ച സാധ്യതകൾ നിലവിലുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

സന്ദർശനത്തിനിടെ ഗോൾഡൻ ബീച്ചിലെ ലൈറ്റിംഗ് നവീകരണം, സന്ദർശക സൗകര്യങ്ങളുടെ വിപുലീകരണം, പുതിയ ജലപാത, ബോട്ട് ജെട്ടി എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തി. തുമ്പ മുതൽ പെരുമാതുറ വരെയുള്ള തീരമേഖലയെ സാഹസികവും പെസ്‌കാ ടൂറിസത്തിനും അനുയോജ്യമായ മേഖലയായും, കഠിനംകുളം, മംഗലപുരം, അഴൂർ, അണ്ടൂർക്കോണം പഞ്ചായത്തുകളെ ഉൾപ്പെടുത്തി കായൽ ടൂറിസത്തിന്റെ ജില്ലയിലെ മികച്ച കേന്ദ്രമായി വികസിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അറിയിച്ചു.